ജീവനക്കാരന്റെ മൊത്തശമ്പളത്തില്‍ നിന്നും ചില
ഒഴിവുകളും (exemptions), കിഴിവുകളും (deductions) നഷ്ടങ്ങളും (Negative
Income) ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചശേഷം അനുവദിക്കാന്‍ തൊഴിലുടമയ്ക്ക്
അധികാരം നല്‍കിയിട്ടുണ്ട്. പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു.
ഒഴിവുകള്‍ (exemptions)
ഈ ഗണത്തില്‍പ്പെടുന്ന നികുതിയാശ്വാസങ്ങള്‍ മൊത്ത വരുമാനം കണക്കാക്കുമ്പോള്‍ തന്നെ ഒഴിവാക്കിയിരിക്കുന്നു.
1) ട്രാവല്‍ കണ്‍സെഷന്‍: ആദായനികുതി നിയമത്തിലെ വകുപ്പ് 10(5) പ്രകാരമാണ് ഈ നികുതിയാശ്വാസം. ജീവനക്കാരന്‍ ലീവെടുത്ത് കുടുംബസഹിതം ഇന്ത്യയിലെവിടേക്കെങ്കിലും യാത്ര ചെയ്യുന്നതിനോ, റിട്ടയര്‍മെന്റ് അഥവാ ടെര്‍മിനേഷന്‍ മൂലമോ യാത്ര ചെയ്യുന്നതിനായി നല്‍കുന്ന അലവന്‍സ് നികുതി വിധേയവരുമാനം കണക്കാക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
2) ഗ്രാറ്റുവിറ്റി: വകുപ്പ് 10 (10) പ്രകാരമാണ് ഈ ഒഴിവ്. 24.5.2010 നുശേഷം റിട്ടയര്‍ ചെയ്യുന്നവര്‍ക്കു ബാധകമായ കൂടിയ പരിധി 10 ലക്ഷം രൂപയാണ്.
3) റിട്ടയര്‍മെന്റ് സമയത്തുള്ള പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍:വകുപ്പ് 10 (10എ) പ്രകാരമാണ് ഒഴിവു ലഭിക്കുക. ഈ വകുപ്പില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെങ്കില്‍ ഒഴിവ് നല്‍കാം.
4) റിട്ടയര്‍മെന്റ് സമയത്തുള്ള ലീവ് സറണ്ടര്‍: വകുപ്പ് 10 (10 എഎ) പ്രകാരമുള്ള വ്യവസ്ഥകള്‍ക്കു വിധേയമായി ഒഴിവ് നല്‍കാം. 1.4.1998 നു ശേഷം റിട്ടയര്‍ ചെയ്യുന്നവര്‍ക്കു ബാധകമായ പരിധി മൂന്നുലക്ഷം രൂപയാണ്.
5) വൊളന്ററി റിട്ടയര്‍മെന്റ്: വകുപ്പ് 10(10സി) പ്രകാരമുള്ള വ്യവസ്ഥകള്‍ക്കു വിധേയം. കൂടിയ പരിധി അഞ്ചുലക്ഷം രൂപ.
6) വീട്ടുവാടകബത്ത: വീട്ടുവാടക നല്‍കുന്ന ജീവനക്കാരന് വകുപ്പ് 10(13എ) യിലും റൂള്‍ 2 എയിലും പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ക്കു വിധേയമായി മുഴുവനായോ ഭാഗികമായോ കിഴിവിനര്‍ഹതയുണ്ട്. പ്രതിമാസം 3000 രൂപവരെ വീട്ടുവാടകബത്ത ലഭിക്കുന്ന ജീവനക്കാരെ വാടക രസീത് ഹാജരാക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ നികുതി നിര്‍ണയ വേളയില്‍ ആദായനികുതി ഓഫീസര്‍ക്ക് ഇതുസംബന്ധിച്ച രേഖ ഹാജരാക്കാന്‍ ആവശ്യപ്പെടാവുന്നതാണ്. കൂടാതെ പ്രതിവര്‍ഷം 1,80,000 രൂപയില്‍ കൂടുതല്‍ വാടക നല്‍കുന്ന ജീവനക്കാരന്‍ കെട്ടിടമുടമയുടെ 'പാന്‍' തൊഴിലുടമയ്ക്കു നല്‍കിയിരിക്കണമെന്ന് നിബന്ധനയുണ്ട്. കെട്ടിടമുടമയ്ക്ക് 'പാന്‍' ഇല്ലായെങ്കില്‍ പൂര്‍ണമായ മേല്‍വിലാസവും മറ്റുവിവരങ്ങളും അടങ്ങുന്ന ഒരു ഡിക്ലറേഷനും കെട്ടിടമുടമയില്‍ നിന്നും വാങ്ങി തൊഴിലുടമയ്ക്ക് നല്‍കേണ്ടതുണ്ട്.
7) മറ്റ് അലവന്‍സുകള്‍: വകുപ്പ് 10(14) പ്രകാരം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള അലവന്‍സുകള്‍ക്ക് ഒഴിവു നല്‍കാം. ഇതില്‍ പ്രധാനപ്പെട്ടത് ജീവനക്കാരന്റെ താമസസ്ഥലത്തു നിന്നും ജോലിസ്ഥലത്തേക്കും (തിരിച്ചും) യാത്ര ചെയ്യുന്നതിന് നല്‍കുന്ന കണ്‍വെയന്‍സ് അലവന്‍സാണ്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ വിജ്ഞാപനപ്രകാരം ഇതിന്റെ പരിധി പ്രതിമാസം 800 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. (വികലാംഗര്‍ക്ക് പ്രതിമാസം 1600 രൂപ)
8) മെഡിക്കല്‍ റീ-ഇമ്പേഴ്‌സ്‌മെന്റ്: ഒരുവര്‍ഷത്തില്‍ 15,000 രൂപ എന്ന പരിധിക്കു വിധേയമായി ഒഴിവു നല്‍കാം.
കിഴിവുകള്‍ (Deductions)
1) തൊഴില്‍ നികുതി: വകുപ്പ് 16(ഐഐഐ) പ്രകാരം പൂര്‍ണമായും കിഴിവു നല്‍കാം.
2) വകുപ്പ് 80 സി പ്രകാരം കിഴിവുകള്‍:
ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, അഥവാ ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള മറ്റ് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്‍ഷൂറന്‍സ് പദ്ധതികളിലേക്ക് സ്വന്തം പേരിലോ ജീവിതപങ്കാളിയുടെ പേരിലോ മക്കള്‍ (അവര്‍ എത്ര മുതിര്‍ന്നവരായാലും) അടക്കുന്ന പ്രീമിയങ്ങള്‍, ലേറ്റ് ഫീ, പലിശ എന്നിവയ്ക്ക് കിഴിവു നല്‍കാം.
പ്രോവിഡന്റ് ഫണ്ട് : 1925 ലെ പ്രോവിഡന്റ് ഫണ്ട് ആക്ട് പ്രകാരമുള്ള പ്രോവിഡന്റ് ഫണ്ടുകള്‍ അഥവാ സര്‍ക്കാര്‍ പ്രോവിഡന്റ് ഫണ്ടുകള്‍, അംഗീകൃത പ്രോവിഡന്റ് ഫണ്ടുകള്‍ എന്നിവയിലേക്ക് ജീവനക്കാരന്‍ അടക്കുന്ന തുകകള്‍ക്ക് വകുപ്പ് 80 സി പ്രകാരം കിഴിവിന് അര്‍ഹതയുണ്ട്. പബ്ലിക്ക് പ്രോവിഡന്റ് ഫണ്ടിലേക്ക് അടക്കുന്ന തുകകള്‍ക്കും കിഴിവ് ലഭ്യമാണ്.
നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍: 1.12.2011 മുതല്‍ ഇഷ്യു ചെയ്യപ്പെടുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി 6 വര്‍ഷത്തില്‍ നിന്നും 5 വര്‍ഷമായി കുറച്ചിട്ടുണ്ട്. പത്തുവര്‍ഷത്തെ കാലവധിയുള്ള പുതിയ പദ്ധതി (ഇഷ്യു -എക്‌സ്) യും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. വര്‍ഷാവര്‍ഷം മുതലിനോടു ചേര്‍ക്കപ്പെടുന്ന പലിശ മൊത്ത വരുമാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വകുപ്പ് 80 സി പ്രകാരം പുനര്‍നിക്ഷേപം എന്ന നിലയില്‍ കിഴിവിനര്‍ഹതയുണ്ട്.
യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍: സ്വന്തം പേരിലോ ജീവിത പങ്കാളി, മക്കള്‍ എന്നിവരുടെ പേരിലോ യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ യൂലിപ് (ULIP) എന്ന പദ്ധതിയിലേക്ക് അടക്കുന്ന പ്രീമിയങ്ങള്‍, എല്‍.ഐ.സി. മ്യൂച്ചല്‍ ഫണ്ടിന്റെ യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ എന്ന പദ്ധതിയിലേക്ക് അടക്കുന്ന പ്രീമിയങ്ങള്‍ക്ക് കിഴിവു നല്‍കാം.
ആനുവിറ്റി പ്ലാനുകള്‍: എല്‍.ഐ.സിയുടെ പുതിയ ജീവന്‍ധാര, പുതിയ ജീവന്‍ധാര - ജെ, പുതിയ ജീവന്‍ അക്ഷയ്, പുതിയ ജീവന്‍ അക്ഷയ് ക, പുതിയ ജീവന്‍ അക്ഷയ് കക എന്നീ ആനുവിറ്റി പ്ലാനുകളിലേക്ക് നടത്തുന്ന അടവുകള്‍ക്ക് കിഴിവ് നല്‍കാം.
ഭവനവായ്പാമുതല്‍ തിരിച്ചടവ്: അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നെടുത്ത ഭവനവായ്പയുടെ മുതല്‍ തിരിച്ചടവ്, ഭവനം സ്വന്തം പേരിലേക്ക് മാറ്റിയെടുക്കാന്‍ ചെലവായ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ്, മറ്റു ചെലവ് എന്നിവയ്ക്ക് വകുപ്പ് 80 സിയില്‍ ഉള്‍പ്പെടുത്തി കിഴിവു നല്‍കാം.
ട്യൂഷന്‍ ഫീസ്: ജീവനക്കാരന്റെ ഏതെങ്കിലും രണ്ടുകുട്ടികളുടെ മുഴുവന്‍ സമയ വിദ്യാഭ്യാസത്തിനായി യൂണിവേഴ്‌സിറ്റി, കോളേജ്, സ്‌കൂള്‍, അഥവാ മറ്റു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് (അവ ഇന്ത്യയിലുള്ളവയാണെങ്കില്‍ മാത്രം) അടക്കുന്ന ട്യൂഷന്‍ ഫീസിന് കിഴിവു നല്‍കാം. 'മുഴുവന്‍ സമയവിദ്യാഭ്യാസം' എന്ന പ്രയോഗത്തിന്റെ പരിധിയില്‍ പ്ലേസ്‌കൂള്‍, പ്രീ നഴ്‌സറി, നഴ്‌സറി എന്നിവ ഉള്‍പ്പെടുമെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഡവലപ്പ്‌മെന്റ് ഫീ, സംഭാവന, ക്യാപിറ്റേഷന്‍ ഫീ അഥവാ സമാനസ്വഭാവമുള്ള മറ്റു ഫീസുകള്‍ - കിഴിവിനായി പരിഗണിക്കാവുന്നതല്ല.
ബാങ്ക് സ്ഥിരനിക്ഷേപം: 'ബാങ്ക് ടേം ഡിപ്പോസിറ്റ് സ്‌കീം 2006' എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നിക്ഷേപദ്ധതി പ്രകാരം ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നടത്തുന്ന അഞ്ചുവര്‍ഷത്തില്‍ കുറയാത്ത കാലപരിധിയുള്ള നിക്ഷേപങ്ങള്‍ക്ക് വകുപ്പ് 80 സി പ്രകാരം കിഴിവ് ലഭ്യമാണ്.
മറ്റ് അടവുകള്‍: 2004-ലെ സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം റൂള്‍സ് പ്രകാരം നടത്തുന്ന നിക്ഷേപങ്ങള്‍, പോസ്റ്റോഫീസ് ടൈം ഡിപ്പോസിറ്റ് റൂള്‍സ് 1981 പ്രകാരം നടത്തുന്ന അഞ്ചുവര്‍ഷത്തെ ടൈം ഡിപ്പോസിറ്റുകള്‍ എന്നിവയ്ക്കും വകുപ്പ് 80 സി പ്രകാരം കിഴിവിനര്‍ഹതയുണ്ട്.
വകുപ്പ് 80 സിസിഡി പ്രകാരം കിഴിവ്: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെയോ മറ്റ് അംഗീകൃത ഫണ്ടിന്റെയോ ആനുവിറ്റിപ്ലാന്‍ പ്രകാരം പെന്‍ഷന്‍ ലഭിക്കുന്നതിലേക്കായി നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് ഈ വകുപ്പ് പ്രകാരം കിഴിവിനര്‍ഹതയുണ്ട്.
വകുപ്പ് 80 സിസിഡി പ്രകാരം കിഴിവ്: കേന്ദ്ര സര്‍ക്കാരിനാല്‍ പ്രഖ്യാപിതമായ 'ന്യൂ പെന്‍ഷന്‍ സ്‌കീം' പ്രകാരം ജീവനക്കാരന്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് ശമ്പളത്തിന്റെ 10% എന്ന പരിധിക്കു വിധേയമായി കിഴിവിന് അര്‍ഹതയുണ്ട്. കേന്ദ്രസര്‍ക്കാര്‍ അഥവാ മറ്റു തൊഴിലുടമ ജീവനക്കാരന്റെ ഈ അക്കൗണ്ടിലേക്ക് അടക്കുന്ന തുകകള്‍ക്കും ശമ്പളത്തിന്റെ 10% എന്ന പരിധിക്കു വിധേയമായി ജീവനക്കാരന് ഈ വകുപ്പുപ്രകാരം കിഴിവ് ലഭ്യമാണ്. ഇതിലേക്കായി 'ശമ്പളം' എന്ന പദത്തിന്റെ നിര്‍വചനത്തില്‍ അടിസ്ഥാന ശമ്പളവും തൊഴില്‍ കരാര്‍ പ്രകാരമുള്ള ക്ഷാമബത്ത (ഡി.എ)യും ഉള്‍പ്പെടുമെങ്കിലും മറ്റു ബത്തകള്‍, പെര്‍ക്വിസിറ്റുകള്‍ എന്നിവ പരിഗണിക്കേണ്ടതില്ല.
ഒരു ലക്ഷം എന്ന പരിധി: 80 സി, 80സിസിഡി എന്നിവ പ്രകാരം മേല്‍പ്പറഞ്ഞ രീതിയില്‍ കണക്കാക്കിയ മൊത്തം കിഴിവ് ഒരുലക്ഷം രൂപയാണെന്ന് വകുപ്പ് 80 സിസിഇ അനുശാസിക്കുന്നു. എന്നാല്‍ വകുപ്പ് സിസിഡി പ്രകാരം പുതിയ പെന്‍ഷന്‍ ഫണ്ടിലേക്ക് കേന്ദ്രസര്‍ക്കാര്‍ അഥവാ മറ്റു തൊഴിലുടമ അടക്കുന്ന തുകകള്‍ ഈ പരിധിക്കുള്ളില്‍ വരുന്നതല്ല എന്നത് പ്രത്യേകം വിശദീകരിക്കപ്പെട്ടിരിക്കുന്നു.
അടിസ്ഥാന സൗകര്യ ബോണ്ടുകള്‍: 2010-11 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ വകുപ്പ് 80 സിസിഎഫ് പ്രകാരം അംഗീകൃത അടിസ്ഥാന സൗകര്യ ബോണ്ടുകളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് 20,000 രൂപ എന്ന പ്രത്യേക പരിധിക്കു വിധേയമായി കിഴിവിനര്‍ഹതയുണ്ട്. മേല്‍പ്പറഞ്ഞ ഒരുലക്ഷം രൂപ എന്ന പരിധിക്കു പുറമേയാണിത് എന്നുള്ളത് ശ്രദ്ധേയമാണ്.
പരിഗണിക്കാവുന്ന മറ്റു കിഴിവുകള്‍
1) മെഡി ക്ലെയിം - (വകുപ്പ് 80 ഡി) - 15,000 അഥവാ 20,000 എന്ന പരിധിക്കു വിധേയം. 2) വൈകല്യമുള്ള ആശ്രിതര്‍ക്കായുള്ള കിഴിവ് - (വകുപ്പ് 80 ഡിഡി): സാധാരണ വൈകല്യമുള്ളവര്‍ക്കുള്ള പരിധി 50,000/- രൂപ. ഗുരുതരമായ വൈകല്യങ്ങള്‍ക്കുള്ള പരിധി 1,00,000 രൂപ. 3) വിദ്യാഭ്യാസ വായ്പാപലിശ (വകുപ്പ് 80 ഇ) - സ്വന്തം ഉന്നത വിദ്യാഭ്യാസത്തിനോ ജീവിതപങ്കാളി, മക്കള്‍ എന്നിവരുടെ ഉന്നത വിദ്യാഭ്യാസത്തിനോ വേണ്ടി എടുത്ത വായ്പകളിന്മേലുള്ള പലിശയ്ക്ക് ഈവകുപ്പ്പ്രകാരം നിബന്ധനകള്‍ക്കു വിധേയമായി കിഴിവിനര്‍ഹതയുണ്ട്. 4) സംഭാവനകള്‍: അംഗീകൃത ധര്‍മ്മസ്ഥാപനങ്ങള്‍ക്കു നല്‍കുന്ന സംഭാവനകള്‍ക്ക് വകുപ്പ് 80 ജിപ്രകാരം കിഴിവുണ്ടെങ്കിലും ടി.ഡി.എസ്. നടത്തുന്ന തൊഴിലുടമ അവ പരിഗണിക്കേണ്ടതില്ല. ഇത് ജീവനക്കാരന്‍ റിട്ടേണ്‍ സമര്‍പ്പിച്ചു വേണം കിഴിവ് അവകാശപ്പെടാന്‍. എന്നാല്‍ തൊഴിലുടമയിലൂടെ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി, ലെഫ്‌നന്റ് ഗവര്‍ണര്‍മാരുടെ ദുരിതാശ്വാസ നിധി എന്നിവ ശമ്പളത്തില്‍ നിന്നും കുറവു ചെയ്ത് അടച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് 100% കിഴിവ് നല്‍കാവുന്നതാണ്. 5) വാടക നല്‍കുന്നവര്‍ക്ക്: വീട്ടുവാടകബത്ത ലഭിക്കാത്തവരും എന്നാല്‍ വാടക നല്‍കുന്നവരുമായ ജീവനക്കാര്‍ക്ക് പ്രതിമാസം 2000 രൂപ എന്ന കൂടിയ പരിധിക്കും മറ്റുനിബന്ധനകള്‍ക്കും വിധേയമായി കിഴിവ് നല്‍കാം. 6) ജീവനക്കാരന്റെ സ്വന്തം വൈകല്യങ്ങള്‍ക്ക്: സാധാരണ വൈകല്യങ്ങള്‍ക്ക് 50,000 രൂപ, ഗുരുതരമായ വൈകല്യമുള്ളവര്‍ക്ക് 1,00,000 രൂപ എന്നീ പരിധികള്‍ക്കും മറ്റു നിബന്ധനകള്‍ക്കും വിധേയമായി കിഴിവ് നല്‍കാവുന്നതാണ് (വകുപ്പ് 80യു).
ആദായ നികുതി നിയമത്തിലെ ടി.ഡി.എസ് വ്യവസ്ഥകളില്‍ ഏറ്റവും കൂടുതല്‍ ഉത്തരവാദിത്വം നല്‍കപ്പെട്ടിരിക്കകുന്നത് ശമ്പള വരുമാനത്തില്‍ നിന്നും ടി.ഡി.എസ് പിടിക്കാന്‍ വകുപ്പ് 192 പ്രകാരം ബാധ്യതയുള്ള തൊഴിലുടമകള്‍ക്കാണ്. മറ്റുള്ള ടി.ഡി.എസ് വകുപ്പുകളില്‍ നിശ്ചിത ശതമാന നിരക്കില്‍ ഉത്ഭവസ്ഥാനത്ത് നിന്നും നികുതി പിടിക്കുമ്പോള്‍ കിഴിവുകളും മറ്റും നല്‍കാന്‍ പിടിക്കുന്നവര്‍ക്ക് അധികാരം നല്‍കിയിട്ടില്ല. ഉദാഹരണമായി പലിശയില്‍ നിന്നുള്ള ടി.ഡി.എസ്(വകുപ്പ് 194 എ), കോണ്‍ട്രാക്ടര്‍മമാര്‍ക്ക് നല്‍കുന്ന തുകകള്‍(വകുപ്പ് 194 സി), കമ്മീഷന്‍ അഥവാ ബ്രോക്കറേജ്(വകുപ്പ് 194 എച്ച്), വാടക(വകുപ്പ് 194 ഐ) മുതലായവയ്ക്ക് നിശ്ചിത ശതമാന നിരക്കില്‍ ടി.ഡി.എസ് പിടിച്ചേ തീരൂ. ഈ തത്വത്തിനുള്ള അപവാദമായി പറയാവുന്നത് പലിശ വരുമാനം നല്‍കുമ്പോള്‍ ഫോം 15 ജി അഥവാ ഫോറം 15 എച്ച് വാങ്ങി വച്ച് ടി.ഡി.എസ് പിടിക്കാതിരിക്കുക, ആദായ നികുതി ഓഫീസര്‍ വകുപ്പ് 197 പ്രകാരം ടി.ഡി.എസ് പിടിക്കേണ്ടതില്ല എന്നോ കുറഞ്ഞ നിരക്കില്‍ പിടിച്ചാല്‍ മതി എന്നോ ഉത്തരവ് പുറപ്പെടുവിക്കുമ്പോഴോ ആണ്.
എന്നാല്‍ വകുപ്പ് 192 പ്രകാരം ശമ്പളത്തില്‍ നിന്നും ടിഡിഎസ് പിടിക്കുമ്പോള്‍ ജീവനക്കാരന്‍ അവകാശപ്പെടുന്ന കിഴിവുകള്‍ രേഖകള്‍ പരിശോധിച്ച് നല്‍കണം എന്ന ഭാരിച്ച ഉത്തരവാദിത്വം തൊഴിലുടമയില്‍ നിക്ഷിപ്തമായിരിക്കുകയാണ്.
മറ്റുനഷ്ടങ്ങള്‍ (Negative Incomes)
''ശമ്പളം'' എന്ന വരുമാനഗണം പോലെയുള്ള മറ്റ് ഗുണങ്ങളാണ് ഹൗസ് പ്രോപ്പര്‍ട്ടി, ബിസിനസ് അഥവാ പ്രൊഫഷന്‍, ക്യാപിറ്റല്‍ ഗെയിന്‍സ്, മറ്റ് സ്രോതസുകള്‍ എന്നിവ. ഇവയില്‍ ഏതെങ്കിലും ഇനത്തിലുള്ള നഷ്ടം ശമ്പള വരുമാനത്തില്‍ നിന്നും തട്ടിക്കിഴിച്ച് ടി.ഡി.എസ് പിടിക്കാന്‍ തൊഴിലുടമയ്ക്ക് അധികാരമില്ല എന്ന നിയമ വ്യവസഥയ്ക്കുള്ള ഏക അപവാദമാണ് സ്വന്തം താമസത്തിനായുള്ള ഭവനം സ്വായത്തമാക്കാന്‍ എടുത്തിട്ടുള്ള വായ്പയിന്‍മേലുള്ള പലിശ മൂലമുള്ള നഷ്ടം (Negative Income) . ഈ നികുതിയിളവ് നല്‍കുമ്പോള്‍ വളരെ സൂക്ഷ്മമായി രേഖകള്‍ പരിശോധിക്കേണ്ടതുണ്ട്. പ്രധാന വ്യവസ്ഥകള്‍ താഴെ കൊടുക്കുന്നു.
1) പലിശബാധ്യതയെ സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ അടങ്ങിയ ഒരു സ്റ്റേറ്റ്‌മെന്റ് തെളിവ് സഹിതം ജീവനക്കാരില്‍ നിന്നും വാങ്ങി സൂക്ഷിക്കണം. കടം നല്‍കിയ സ്ഥാപനം അഥവാ വ്യക്തിയുടെ പേരും മേല്‍വിലാസവും, ഭവനത്തിന്റെ മേല്‍വിലാസം, കടം വാങ്ങിയ തുക എന്നിവ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ച് പലിശ സംബന്ധിച്ച് ഉന്നയിക്കപ്പെട്ട കിഴിവിന്റെ നിജസ്ഥിതി ബോധ്യപ്പെട്ടശേഷം മാത്രമെ കിഴിവ് അനുവദിക്കാവൂ. എന്തെങ്കിലും അവ്യക്തതയോ സംശയമോ തോന്നുന്നപക്ഷം കിഴിവ് നല്‍കാതെ ടി.ഡി.എസ് പിടിച്ചശേഷം റിട്ടേണ്‍ സമര്‍പ്പിച്ച് കിഴിവ് അവകാശപ്പെടാന്‍ ജീവനക്കാരനോട് നിര്‍ദ്ദേശിക്കുന്നതാണ് അഭികാമ്യം.
2) ഭവന വായ്പയുടെ മുതല്‍ തിരിച്ചടവിന് വകുപ്പ് 80 സി പ്രകാരം കിഴിവിന് അര്‍ഹതയുണ്ടെന്ന് നേരത്തെ പറഞ്ഞുവല്ലോ. എന്നാല്‍ ഭവനവായ്പാ പലിശയ്ക്ക് ഈ ഒരു വ്യവസ്ഥ ബാധകമല്ല. അതിനാല്‍ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കടമെടുത്തു എന്ന അവകാശവാദവുമായി ചില ജീവനക്കാരെങ്കിലും തൊഴിലുടമയെ സമീപിച്ചേക്കാം. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പൂര്‍ണബോധ്യം വന്നാലേ കിഴിവ് നല്‍കാവൂ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
(വകുപ്പ് 10(13എ) പ്രകാരം വീട്ടുവാടകബത്തയ്ക്കുള്ള ഒഴിവ്, വകുപ്പ് 80 ജിജി പ്രകാരം വീട്ടുവാടകബത്തയില്ലാത്തവര്‍ വാടക നല്‍കി ജീവിക്കുമ്പോഴുള്ള കിഴിവ് എന്നിവയുടെ കാര്യത്തിലും ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും 'വ്യാജ' വാടക രസീതുകള്‍ ഹാജരാക്കുന്ന പ്രവണതയും ഉണ്ട് എന്ന് പറയേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിലും തൊഴിലുടമ ജാഗ്രത പുലര്‍ത്തേണ്ടതാണ്).
3) 1-4-1999നുശേഷം എടുത്ത ഭവന വായ്പകളുടെ പലിശയ്ക്കാണ് 1,50,000 രൂപ എന്ന അധികരിച്ച പരിധി ബാധകമായിരിക്കുന്നത്. അതിന് മുന്‍പെടുത്ത വായ്പകളുടെ പലിശയ്ക്ക് 30,000 രൂപയാണ് കൂടിയ പരിധി. ഭവനം വാങ്ങാനോ പണികഴിപ്പിക്കാനോ എടുത്ത വായ്പകള്‍ക്ക് മാത്രമാണ് ഒന്നര ലക്ഷം രൂപ എന്ന പരിധി ബാധകമാകുക എന്നതും ഓര്‍ത്തിരിക്കേണ്ടതുണ്ട്. ഭവനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കോ വിപുലീകരണത്തിനോ എടുത്ത വായ്പകളുടെ പലിശയ്ക്കുള്ള പരിധി 30,000.
പെര്‍ക്വിസിറ്റുകള്‍ (Perquisites)
നികുതി വിധേയ വരുമാനം കണക്കാക്കുമ്പോള്‍ ശമ്പളേതര വരുമാനങ്ങളും (Perquisites) കൂടെ കണക്കിലെടുക്കേണ്ടതുണ്ട്. പൂര്‍ണമായോ ഭാഗികമായോ സൗജന്യമായിട്ടുള്ള താമസ സൗകര്യം, കാറുകളുടെ ഉപയോഗം, സൗജന്യ നിരക്കിലുള്ള ഗ്യാസ്, വിദ്യുച്ഛക്തി, വെള്ളം, സൗജന്യ നിരക്കിലുള്ള വിദ്യാഭ്യാസം തുടങ്ങിയ ശമ്പളേതര സൗകര്യങ്ങളുടെ മൂല്യം കണക്കാക്കുന്നതിനുള്ള വിശദമായ മാര്‍ഗരേഖകള്‍ 1962ലെ ആദായനികുതി റൂള്‍സിലെ റൂള്‍ 3ല്‍ നല്‍കിയിട്ടുണ്ട്. ടി.ഡി.എസ്. പിടിക്കാന്‍ ചുമതലയുള്ള ഏതൊരു വ്യക്തിയും ഇവ വായിച്ച് മനസ്സിലാക്കിയിരിക്കേണ്ടതാണ്. (സ്ഥല പരിമിതി മൂലം ഇവിടെ വിവരിക്കാന്‍ നിര്‍വാഹമില്ല.